ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 27 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. 25 റണ്‍സെടുത്ത ശിവം ഡൂബെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ധോണിയുടെ മിന്നല്‍ പ്രകടനം (9 പന്തില്‍ 20 റണ്‍സ്) കൂടിയായപ്പോള്‍ ചെന്നൈ ഭേദപ്പെട്ട നിലയില്‍ എത്തുകയായിരുന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് മൂന്നും അക്ഷര്‍ പട്ടേലും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് തെളിയുന്നതിന് മുന്നേ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ ദീപക് ചഹാര്‍ രഹാനെയുടെ കൈകളിലെത്തിച്ചു. 17 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെയും ചഹാര്‍ മടക്കി. അനാവശ്യ റണ്ണിന് വേണ്ടി ഓടിയ മിച്ചല്‍ മാര്‍ഷിനെ രഹാനെ റണ്ണൗട്ടാക്കിയതോടു കൂടി ഡല്‍ഹി പരുങ്ങലിലായി. 25ന് മൂന്ന് എന്ന നിലയില്‍ നിന്ന ഡല്‍ഹിയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മനീഷ് പാണ്ഡേ-റീലീ റൂസോ സഖ്യമാണ്. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ കൂട്ടുക്കെട്ടിനെ പിരിച്ചുക്കൊണ്ട് മതീഷ പതിരാനെ ചെന്നൈക്ക് ബ്രേക്ക്ത്രൂ നല്‍കി. 27 റണ്‍സെടുത്ത മനീഷ് പാണ്ഡേയെ പതിരാന വിക്കറ്റിന് മുന്നില്‍ കുരുക്കി. സ്‌കോര്‍ബോര്‍ഡ് 89ല്‍ നില്‍ക്കെ 35 റണ്‍സെടുത്ത റൂസോയെ ജഡേജ പതിരാനെയുടെ കൈകളിലെത്തിച്ചു. 12 പന്തില്‍ 20 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. പതിരാന അക്ഷറിനേയും മടക്കി ഡല്‍ഹിയുടെ വിജയസാധ്യത ഇല്ലാതാക്കി. ചെന്നൈക്ക് വേണ്ടി പതിരാന മൂന്നും ദീപക് ചഹാര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. ജഡേജയാണ് കളിയിലെ താരം. ജയത്തോടു കൂടി 15 പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാമതെത്താനും ചെന്നാക്കായി. ഏഴാമത്തെ തോല്‍വിയോടുകൂടി ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ മങ്ങി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണവര്‍.