ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി. ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാറും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 239 അനുച്ഛേദ പ്രകാരം ആര്‍ക്കാണ് ഡല്ഹിയിലെ ഭരണപരമായ അധികാരമെന്ന തര്‍ക്കത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണാക വിധി.
ഭരിക്കാനുളള അധികാരം തെരഞ്ഞെടുക്കപ്പടുന്നവര്‍ക്കാണെന്നും മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹിയിലെ ഐ. എ. എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നും ക്രമസമാധാനം, റവന്യൂ ഒഴികെയുള്ളവയില്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു എന്ന ആരോപണമുന്നയിച്ച് കെജ്രിവാള്‍ ഗവണ്‍മെന്റിന്റെ പരാതിയിലാണ് വിധി എന്നത് കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായി. ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍ക്കാര്‍ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഡല്‍ഹി രാജ്യതലസ്ഥാനമായതിനാല്‍ ഡല്‍ഹിയിലെ ഭരണത്തില്‍ മുഖ്യപങ്ക് തങ്ങള്‍ക്കാണെന്നായിരുന്നു കേന്ദ്ര നിലപാട്.