കര്‍ണാടകയില്‍ 72.68% പോളിംഗ്; തൂക്ക്‌സഭക്ക് സാധ്യതയെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

കര്‍ണാടകയില്‍ 72.68% പോളിംഗ്; തൂക്ക്‌സഭക്ക് സാധ്യതയെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

ബംഗളൂരു: ഏവരും ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇത്തവണ 72.68% ആണ് പോളിംഗ്. 2018ല്‍ 72.50 ശതമാനവും 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 68.81 ശതമാനവുമായിരുന്നു പോളിംഗ്. എല്ലാ മുന്നണികളും ശുഭപ്രതീക്ഷയിലാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കര്‍ണാടകയില്‍ തൂക്കുസഭക്കുള്ള സാധ്യതയാണ് തെളിയുന്നത്. അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജെ.ഡി.എസിന്റെ നലപാടിന് വേണ്ടി കാത്തുനില്‍ക്കേണ്ടി വരും. കര്‍ണാടകയില്‍ ആകെ 224 മണ്ഡലങ്ങളാണ് ഉള്ളത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലങ്ങളില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ രണ്ടെണ്ണം ബി.ജെ.പി അധികാരത്തില്‍ വീണ്ടും വരുമെന്നാണ് സൂചിപ്പിക്കുന്നത്. ടൈംസ് നൗ, സീ ന്യൂസ്, ഇന്ത്യാ ടി.വി, ഇന്ത്യാ ടുഡേ, ന്യൂസ് 24 എന്നിവരുടെ സര്‍വേകളില്‍ കോണ്‍ഗ്രസ് 113 മുതല്‍ 140 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന പ്രവചനമാണ് നടത്തിയത്. അതേസമയം ന്യൂസ് നേഷനും സുവര്‍ണ ന്യൂസും 114 മുതല്‍ 117 വരെ സീറ്റുകള്‍ നേടി ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് പറയുന്നു. റിപ്പബ്ലിക്ക്ടി.വി പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റും ബി.ജെ.പിക്ക് 85 മുതല്‍ 100 സീറ്റുമാണ്പ്രവചിക്കുന്നത്. ജെ.ഡി.എസ് 24-32 സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടും.

ടി.വി9 എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് 99-109 വരെ സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. ബി.ജെ.പി 88-98 സീറ്റും ജെ.ഡി.എസ് 21-26, മറ്റുള്ളവര്‍ 0-4 വരെ സീറ്റും നേടും. നവ്ഭാരതിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് 106-120, ബി.ജെ.പി 78-92 ജെ.ഡി.എസ് 20-26, മറ്റുള്ളവര്‍ 2-4 സീറ്റുകള്‍ നേടും. മെയ് 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അതേ സമയം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഭരണകക്ഷിയായി ബി.ജെ.പി അധികാരം തുടരുമെന്നും കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ്‌പോളുകള്‍ നൂറ് ശതമാനം ശരിയാകണമെന്നില്ല. വോട്ടിങ് ശതമാനം 72 ആണെന്നും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വോട്ടിങ് ശതമാനം ബി.ജെപിക്കാണ് ഗുണം ചെയ്യുക. ഇതുവരെ വോട്ട് ചെയ്യാത്ത നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ വോട്ട് ചെയ്തുവെന്നാണ് ഇത്തവണത്തെ കൂടിയ വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. അത് ബി.ജെ.പി അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്‌ശേഷം ജെ.ഡി.എസുമായി സഖ്യമുണ്ടാക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. വോട്ട്‌ചെയ്തതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.എസുമായി സഖഘ്യത്തിന് സാധ്യതയില്ലെന്നും 2018ല്‍ ജെ.ഡി.എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും വിമത എം.എല്‍.എമാര്‍ ബി.ജെ.പിയേലക്ക് പോയതോടെ സര്‍ക്കാര്‍ വീഴുകയായിരുന്നു. അതുക്കൊണ്ട് തന്നെ ഇത്തവണ സ്വന്തമായി പുതിയ സര്‍ക്കാര്‍ രൂപാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് 130 മുതല്‍ 150 വരെ സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *