എസ്. എന്‍. ഡി. പി ആശ്രമക്കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗുരുദേവന്റെ വെള്ളിവിഗ്രഹ പ്രതിഷ്ഠയും മെയ് 14 ന്

എസ്. എന്‍. ഡി. പി ആശ്രമക്കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗുരുദേവന്റെ വെള്ളിവിഗ്രഹ പ്രതിഷ്ഠയും മെയ് 14 ന്

കോഴിക്കോട്:  ശ്രീനാരായണഗുരുദേവ ശിഷ്യനായ ശ്രീനാരായണ ചൈതന്യ സ്വാമികള്‍ 1918ല്‍ സ്ഥാപിച്ച  വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണഗുരുവരാശ്രമത്തിന്റെ ശതാബ്ദി സ്മാരകമായി നിര്‍മിച്ച പുതിയ ആശ്രമകെട്ടിടത്തിന്റെ ഉദ്ഘാടനവും ഗുരുദേവന്റെ വെള്ളി വിഗ്രഹ പ്രതിഷ്ഠയുമാണ് മെയ് 14 ന് നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുരുവരാശ്രമം ശ്രീനാരായണീയരുടെ മലബാറിലെ തീര്‍ത്ഥാടനകേന്ദ്രമായി മാറ്റുന്നതിനുള്ള പദ്ധതികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. ഗുരുദേവ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നത് ശിവഗിരിമഠം അദ്ധ്യക്ഷന്‍ ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികളാണ് . മെയ് 14 ന് രാവിലെ 9 .05 നും 9 .45 നും മധ്യേയാണ് പ്രതിഷ്ഠാകര്‍മ്മം നടത്തുന്നത്. വൈദിക ക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത് ശിവഗിരി മഠത്തിലെ വൈദിക ആചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ത്ഥയും സന്യാസി ശ്രേഷ്ഠന്‍മാരുമാണ്. ഗുരുമന്ദിര സമര്‍പ്പണം നടത്തുന്നത് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയാണ്. സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം കോഴിക്കോട് എം. പി എം കെ രാഘവന്‍ നിര്‍വ്വഹിക്കും. ശ്രീ ശാരദ ദേവി മണ്ഡപം ബി. ജെ. പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ശ്രീനാരായണ ചൈതന്യ സ്വാമി മണ്ഡപം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി. ചന്ദ്രനും സമര്‍പ്പിക്കും.എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌, വിജയലാല്‍ നെടുങ്കണ്ടം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും .

കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രo സെക്രട്ടറി പവിത്രന്‍, തലശ്ശേരി ജഗന്നാഥ ക്ഷേത്രം പ്രസിഡന്റ് അഡ്വ.സത്യന്‍ , പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥ സ്വാമി ട്രസ്റ്റ് പ്രസിഡണ്ട് വസുമിത്രന്‍ എന്‍ജിനീയര്‍,  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.മഹേഷ്, എന്‍ ശിവപ്രസാദ്, നവ്യ ഹരിദാസ് , സി എസ് സത്യഭാമ കോഴിക്കോട് ജില്ലയിലെ എസ്. എന്‍. ഡി. പി യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

ദീര്‍ഘകാലമായി തമിഴ്‌നാട്ടിലെ പ്രശ്‌സ്ത ആദ്ധ്യാത്മിക കേന്ദ്രമായ പഴനിയിലെ ശ്രീനാരായണ ധര്‍മ്മ ആശ്രമത്തിന്റ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ശ്രീ നാരായണീയനായ കെ കുഞ്ഞിരാമന്‍, ഗുരു വരാശ്രമ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാസ്തുശില്‍പ്പി മൊകവൂര്‍ മുരളീധരന്‍ ആചാരി, ജയന്‍ ബിലാത്തിക്കുളം എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിക്കും.

പത്ര സമ്മേളനത്തില്‍ ഷനൂപ് താമരക്കുളം (യൂണിയന്‍ പ്രസിഡന്റ്), സുധീഷ് കേശവപുരി ( യൂണിയന്‍ സെക്രട്ടറി), അഡ്വ.എം.രാജന്‍ (മീഡിയ കണ്‍വീനര്‍),
രാജീവ് കുഴിപ്പള്ളി ( യൂണിയന്‍ വൈസ് പ്രസിഡന്റ്), കെ.ബിനു കുമാര്‍(യോഗംഡയറക്ടര്‍)പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *