ആശ്രിത നിയമന ലിസ്റ്റില്‍ അനുകമ്പയുടെ അടിസ്ഥാനത്തില്‍ സഹോദരിയെ നിര്‍ദ്ദേശിക്കാം:  മുംബൈ ഹൈക്കോടതി

ആശ്രിത നിയമന ലിസ്റ്റില്‍ അനുകമ്പയുടെ അടിസ്ഥാനത്തില്‍ സഹോദരിയെ നിര്‍ദ്ദേശിക്കാം:  മുംബൈ ഹൈക്കോടതി

മുംബൈ: സര്‍ക്കാര്‍ ജോലിക്കായുള്ള ആശ്രിത നിയമനത്തിന് നിലവില്‍ ലിസ്റ്റിലുള്ള ആളെ മാറ്റി പകരം അനുകമ്പയുടെ അടിസ്ഥാനത്തില്‍ സഹോദരിയുടെ പേര് നിര്‍ദ്ദേശിക്കാമെന്ന് മുംബൈ ഹൈക്കോടതി വിധി.
നാസിക് സ്വദേശിയായ ശുഭാംഗിയുടെ പിതാവ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യവേ 2014 ഏപ്രില്‍ 21-നാണ് മരിക്കുന്നത്. തുടര്‍ന്ന് അച്ഛന്റെ ആശ്രിത ജോലിക്ക് 2014 മെയ് മാസം അദ്ദേഹത്തിന്റെ മകന്‍ ഗൗരവ് അപേക്ഷ നല്‍കി. ഇതിനിടെ 2018 ല്‍ ശുഭാംഗി തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിതാവ് മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഹോദരന് ലഭിക്കേണ്ടിയിരുന്ന ആശ്രിതനിയമനം ലഭിക്കാതെ വരികയും സഹോദരന്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കുകയും വൃദ്ധയായ അമ്മയെ സംരക്ഷിക്കേണ്ടതിനാല്‍ പിതാവിന്റെ ജോലി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടാണ് ശുഭാംഗി കോടതിയെ സമീപിച്ചത്.

ഗൗരവിന് മറ്റൊരു ജോലി ശരിയായപ്പോള്‍ അദ്ദേഹത്തിന്റെ സമ്മതത്തോടെ ശുഭാംഗി അച്ഛന്റെ ആശ്രിത ജോലി സഹാദരന് പകരം തനിക്ക് നല്‍കണമെന്നും ഇതിനായുള്ള ലിസ്റ്റില്‍ തന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന് (എന്‍എംസി) കത്തെഴുതി. നാളുകള്‍ക്ക് ശേഷം ജോലിയില്‍ ഒഴിവ് വന്നെന്നും അതിനാല്‍ ജോലി അപേക്ഷയ്ക്കായി രേഖകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് എന്‍എംസിയുടെ എഴുത്ത് ഗൗരവിന് ലഭിച്ചു. ഇതേ തുടര്‍ന്ന് തന്റെ അപേക്ഷ എന്‍എംസി പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ട് ശുഭാംഗി നല്‍കിയ പരാതിയിലാണ് കോടതി വിധി.

202 അപേക്ഷകളില്‍ വേയ്റ്റിംഗ് ലിസ്റ്റില്‍ 22 -ാം സ്ഥാനത്താണ് ഗൗരവ് ഉള്ളതെന്നാണ് എന്‍എംസി അറിയിച്ചത്. 2017 സെപ്തംബര്‍ 21 ലെ സര്‍ക്കാര്‍ ഉത്തരവില്‍ മരണം സംഭവിക്കുന്ന സാഹചര്യത്തിലല്ലാതെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പേര് പകരം വയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ആശ്രിതനിയമത്തിലില്ല. ആശ്രിത നിയമനത്തിനായി വെയിറ്റിംഗ് ലിസ്റ്റിലുള്ള പേര് മാറ്റി മറ്റൊരു പേര് നിര്‍ദ്ദേശിക്കുന്നത് തടഞ്ഞിരുന്ന 2015 ലെ സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട് മെുഹമ്മദ് സക്കിയോദ്ദീന്റെ കേസില്‍ 2017 ല്‍ ഔറംഗബാദ് ബെഞ്ചിന്റെ ഉത്തരവ് ശുഭാംഗിയുടെ അഭിഭാഷകന്‍ യശോദീപ് ദേശ്മുഖ് ഉദ്ധരിച്ചു. മുഹമ്മദ് സക്കിയോദ്ദീന്റെ കാര്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലവിലെ കേസില്‍ പൂര്‍ണ്ണമായും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി വിധിയെ തുടര്‍ന്ന് 2021 ജൂണില്‍ ഗൗരവിന് കത്ത് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റദ്ദാക്കുകയും പകരം ശുഭാംഗിയുടെ പേര തത്സ്ഥാനത്ത് ചേര്‍ക്കുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *