ബുഡാപെസ്റ്റ്: അര്‍ജന്റീനന്‍ സര്‍ക്കാര്‍ തന്നെ വധിക്കാന്‍ പജ്ഝതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹംഗറി സന്ദര്‍ശിക്കുന്നതിനിടെ ഈശോസഭയുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയിലാണ് മാര്‍പാപ്പ ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന കാലത്താണ് വധശ്രമമുണ്ടായത്. 1970കളിലെ സൈനിക സ്വേച്ഛാധിപത്യവുമായി മാര്‍പാപ്പ സഹകരിച്ചുവെന്ന തരത്തിലുള്ള വാസ്തവ രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണ് അര്‍ജന്റീനന്‍ സര്‍ക്കാര്‍ അത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും മാര്‍പാപ്പ പറഞ്ഞു, ഇറ്റാലിയന്‍ ജെസ്യൂട്ട് മാധ്യമമായ സിവില്‍റ്റ കത്തോലിക്കയാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്.
1998 മുതല്‍ 2013 വരെയായിരുന്നു ജെസ്യൂട്ട് വൈദികനായ ഫ്രാന്‍സിസ് മാര്‍പാപ്പ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ് ആയി സേവനം അനുഷ്ഠിച്ചത്. 1976ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് സൈനിക ഭരണകൂടം രണ്ട് ജെസ്യൂട്ട് വൈദികരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വൈദികരെ ഒറ്റിക്കൊടുത്തത് അന്നത്തെ ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ആയിരുന്ന മാര്‍പാപ്പയാണെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ 2010ല്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന സമയത്ത് മാര്‍പാപ്പ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുകയായിരുന്നു.