ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യങ്ങള്‍ക്ക് പരിഹാരമായി ഐ ഡ്രോണ്‍ പദ്ധതി. അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ട് രക്തത്തിനായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കനുള്ള ഐ ഡ്രോണ്‍ പദ്ധതിയുടെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി. ഐ. സി. എം. ആറിന്റെ നേതൃത്വത്തിലാണ ഐ ഡ്രോണ്‍ വഴി രക്തബാഗ് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതിന്റെ ട്രയല്‍ റണ്‍ നടത്തിയത്. രക്തവും അനുബന്ധ വസ്തുക്കളും ഡ്രോണ്‍ വഴി വിജയകരമായി എത്തിച്ചിരിക്കുകയാണ്. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട ഇവയുടെ താപനില കൃത്യമായി നിലനിര്‍ത്താന്‍ പരീക്ഷണത്തില്‍ സാധിക്കുക മാത്രമല്ല ഒരു തകരാറും സംഭവിക്കാതെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ഐ. സി. എം. ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ്ബാല്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഐ ഡ്രോണ്‍ വഴി വിദൂര സ്ഥലങ്ങളില്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു. ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുപോലെ സുരക്ഷിതമാണെന്ന് കണ്ടാല്‍ ഡ്രോണുകളെ ആരോഗ്യമേഖലയില്‍ കൂടുതലായി ഉപയോഗിച്ച് വിദൂരസ്ഥലങ്ങളില്‍ രക്തമെത്തിക്കാന്‍ കഴിയുമെന്ന് ഡോ. രാജീവ്ബാല്‍ പറഞ്ഞു.