മുംബൈ: ആര്‍.സി.ബിയെ തരിപ്പണമാക്കി പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി മുംബൈ ഇന്ത്യന്‍സ്. 200 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങ് മികവിലാണ് മുംബൈ അനായാസം ജയിച്ചു യറിയത്. ടോസ് നേടിയ ബുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു റണ്‍സുമായി വിരാട് കോലിയും 16 റണ്‍സുമായി അനുജ് റാവത്തും നേരത്തെ മടങ്ങിയെങ്കിലും ക്രീസില്‍ ഒത്തുചേര്‍ന്ന ഡുപ്ലെസി-മാക്‌സ്‌വെല്‍ സഖ്യം ആര്‍.സി.ബിക്ക് പുതു ജീവന്‍ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 പന്തില്‍ 68 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ബെഹ്‌റെന്‍ഡ്രോഫും 41 പന്തില്‍ 65 റണ്‍സെടുത്ത് ഡുപ്ലെസിയെ കാമറൂണ്‍ഗ്രീനും മടക്കിയെങ്കിലും 18 പന്തില്‍ 30 റണ്‍സുമായി അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് മിന്നല്‍ പ്രകടനം നടത്തി. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍.സി.ബി 199 റണ്‍സാണ് നേടിയത്. മുംബൈക്ക് വേണ്ടി ജേസന്‍ ബെഹ്‌റെന്‍ഡ്രോഫ് മൂന്ന് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ പവര്‍പ്ലേ ഓവറുകളില്‍ ഇഷാന്‍ കിഷന്‍ ആര്‍.സി.ബി ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ മുംബൈ സ്‌കോര്‍ അഞ്ചോവറില്‍ തന്നെ 50 കടന്നു. 21 പന്തില്‍ നാല് വീതം ഫോറിന്റേയും സിക്‌സിന്റേയും അകമ്പടിയോടു കൂടി 42 റണ്‍സ് നേടിയ കിഷനേയും എട്ട് പന്തില്‍ ഏഴ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഒരേ ഓവറില്‍ പുറത്താക്കിയ ഹസരംഗ മുംബൈയെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും നെഹാല്‍ വധേരയും സമ്മര്‍ദത്തെ തച്ചുടച്ചു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മുംബൈ സ്‌കോര്‍ അതി വേഗത്തില്‍ കുതിക്കാന്‍ തുടങ്ങി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തികയറിയ സൂര്യകുമാര്‍ യാദവ് ആര്‍.സി.ബി ബൗളര്‍മാരുടെ പന്തുകളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. 35 പന്തില്‍ ഏഴ് ഫോറിന്റേയും ആറ് സിക്‌സിന്റേയും അകമ്പോടിയോടു കൂടി 83 റണ്‍സുമായി സൂര്യകുമാര്‍ മടങ്ങുമ്പോഴേക്കും മുംബൈ വിജത്തിനടുത്തെത്തിയിരുന്നു. തുടര്‍ന്ന് വന്നവര്‍ക്ക് ചടങ്ങ് തീര്‍ക്കല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഹല്‍ വധേര പുറത്താകെ 52 റണ്‍സ് നേടി. ആര്‍.സി.ബിക്കായി ഹസരംഗയും വൈശാഖ് വിജയകുമാറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.