പോലിസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

പോലിസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയതെന്ന് പറഞ്ഞ കോടതി ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുവെന്നും പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പോലിസിനില്ലേ?സംഭവം നടക്കുന്ന സമയത്ത് പോലിസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പോലിസിന് തോക്കെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ വിഷയം അവതരിപ്പിക്കേയാണ് വിമര്‍ശനം ഉന്നയിച്ചത്. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞുതരേണ്ടത് കോടതിയല്ല. ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഡോക്ടറുടെ അരികെ പ്രതിയെ ഒറ്റയ്ക്ക് നിര്‍ത്തമെന്ന സര്‍ക്കാര്‍ ഉത്തരവ് നീതീകരിക്കാനാവില്ല. സംസ്ഥാന പോലിസ് മേധാവി അനില്‍കാന്തിനോട് നാളെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടര്‍ വന്ദനയ്‌ക്കെതിരേ ആക്രമണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദര്‍ശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിട്ടു. പ്രതികളെ മജിസ്‌ട്രേറ്റുമാര്‍ക്ക് മുന്നില്‍ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *