മേപ്പയൂര്‍: എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് ടാസ്‌ക് ഏറ്റെടുക്കലാണ് തന്റെ ജീവിതലക്ഷ്യമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും സുഗന്ധദ്രവ്യങ്ങളുടെ ആഗോള ബ്രാന്‍ഡായ ഫ്രാഗ്‌റന്‍സ് വേള്‍ഡ് ചെയര്‍മാനുമായ പോളണ്ട് മൂസ ഹാജി പറഞ്ഞു. എം. എസ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ താന്‍ ഫ്രാഗ്‌റന്‍സ് വേള്‍ഡ് കെട്ടിപ്പടുത്തത് ഈ മനോഭാവത്തോടെയാണ്.
1977 ല്‍ പ്രവാസജീവിതത്തിന്റെ തുടക്കത്തില്‍ അറബിയുടെ വീട്ടില്‍ ജോലിക്കാരനായി ചേരുകയും ആ അറബിയുടെ വീട്ടില്‍ നിന്നാണ് താന്‍ ഇന്ന് കാണുന്ന പോളണ്ട് മൂസ ഹാജിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ന വഴികള്‍ മറന്നു പോകുന്ന ഇക്കാലത്ത് തന്റെ വഴിത്താരകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല. അക്കാലത്താണ് ഇംഗ്ലീഷ് കുക്കിനെ വേണമെന്ന പരസ്യം കാണുന്നത്. ഇംഗ്ലീഷ് കുക്ക് എന്താണെന്നോ, ഇംഗ്ലീഷ് വേണ്ടതുപോലെ അറിയാത്ത കാലത്ത് ഞാന്‍ ഇന്റര്‍വ്യൂവിന് ഹാജരായി. എനിക്ക് സെലക്ഷനു വേണ്ടി ആദ്യദിനത്തില്‍ കണ്ട മെനു കാര്‍ഡിനെ നോക്കി പേടിക്കാതെ ആ മെനുവിലുള്ള ഭക്ഷണം ഉണ്ടാക്കിയെടുക്കാന്‍ പഠിച്ചെടുത്തു. ജീവിതത്തെ ധൈര്യമായി നേരിട്ടത് കൊണ്ട് മൂന്ന് മാസക്കാലം ഞാനവിടെ ജോലി ചെയ്തു. മൂന്നാം ക്ലാസ് പഠനകാലത്ത് 9-ാം വയസ്സില്‍ മൈസൂരിലേക്ക് നാടുവിട്ട ഞാന്‍ കഠിനാധ്വാനവും സത്യസന്ധതയും മുറുകെ പിടിക്കുകയും ഏല്‍പ്പിക്കുന്ന ജോലി സത്യസന്ധമായി ചെയ്യുകയും ചെയതു. 1977-ലെ പ്രവാസത്തിന്റെ തുടക്ക കാലത്ത് 24 മണിക്കൂറില്‍ 21 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട്.
ഇന്ന് ആയിരത്തോളം പേര്‍ ഫ്രാഗ്‌റന്‍സ് വേള്‍ഡില്‍ ജോലി ചെയ്യുന്നുണ്ട്. 92 രാജ്യങ്ങളില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലുണ്ട്. 82 രാജ്യങ്ങള്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചിട്ടുണ്ട് എന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന്‍ അധ്യക്ഷത വഹിച്ചു.