തിരുവനന്തപുരം: ഡോ.വന്ദനദാസിന് അനുഭവ സമ്പത്തില്ലെന്നും പ്രതി ആക്രമിക്കാനെത്തിയപ്പോള്‍ ഭയപ്പെട്ടെന്നുമുള്ള ആരോഗ്യ മന്ത്രി വീണജോര്‍ജിന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. ‘വന്ദനാദാസ് ഒരു ഹൗസ് സര്‍ജനാണ് അത്ര എക്‌സിപീരിയന്‍സ്ഡ് അല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്’ എന്നാണ് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ പറഞ്ഞത്. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗണേശ്കുമാര്‍ എം.എല്‍.എയും രംഗത്തെത്തി. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യമന്ത്രി പറയുകയെന്ന് സതീശന്‍ പറഞ്ഞു. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ഗണേശ്കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്ത് കയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഡോക്ടര്‍മാരും രംഗത്തെത്തി. അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞത്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാമെന്ന് മന്ത്രി പുറത്തിറക്കിയ വിശദീകരണകുറിപ്പില്‍ പറയുന്നു.