കൊടുംക്രൂരത;  ഏഴ് വര്‍ഷത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മുപ്പത് കുട്ടികളെ

കൊടുംക്രൂരത;  ഏഴ് വര്‍ഷത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മുപ്പത് കുട്ടികളെ

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിനിടെ മുപ്പത് കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ യുവാവ് കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയില്‍ ജോലിക്കെത്തിയ ഉത്തര്‍പ്രദേശുകാരനായ രവീന്ദ്രനാഥ് എന്ന യുവാവാണ് കുട്ടികളോട് കാണിച്ച ക്രൂരതയില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2008 ല്‍ തന്റെ പതിനെട്ടാം വയസ്സു മുതലാണ് ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിനിരയാക്കി കൊന്നുതള്ളുന്ന പതിവാരംഭിച്ചത്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും അശ്ലീല വീഡിയോ കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്ന ഇയാള്‍ ലഹരി ഉപയോഗിച്ച് കിലോമീറ്ററുകള്‍ നടന്നാണ് ഇരകളായ കുട്ടികളെ കണ്ടെത്തിയിരുന്നത്. ഈ ശൈലി ഇയാള്‍ കണ്ടെത്തിയത് 18 വയസ്സു മുതലാണെന്ന് പോലീസ് പറയുന്നു. 2015 ല്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഈ കേസില്‍ പിടിയിലായി ചോദ്യം ചെയ്യുമ്പോഴാണ് ഇതിന് മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം പൊലീസിന് ലഭിക്കുന്നത്.

2008 ലാണ് ഉത്തര്‍പ്രദേശിലെ കാസാഗഞ്ച് സ്വദേശിയായ ഇയാള്‍ അമ്മയോടൊപ്പം ജോലി തേടി ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയില്‍ പ്ലംബറായി ജോലിനോക്കിയ ഇയാള്‍ ലഹരിക്ക് അടിമയാവുകയായിരുന്നു. ലഹരി ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുന്നത് ശീലമാക്കിയ രവീന്ദ്രകുമാര്‍ പകല്‍ ജോലി ചെയ്ത് ലഹരി ഉപയോഗിച്ച് വീട്ടിലെത്തി രാത്രി എട്ടു മണി മുതല്‍ പന്ത്രണ്ട് മണി വരെ ഉറങ്ങും. അര്‍ധരാത്രിയില്‍ എഴുന്നേറ്റ് കിലോമീറ്ററോളം നടന്ന് തെരുവുകളിലും ചേരികളിലും നിര്‍മാണ മേഖലകളിലും മറ്റും ഉറങ്ങുന്ന കുട്ടികളെ തേടിയിറങ്ങും. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ പത്ത് രൂപയോ ചോക്ലേറ്റോ നല്‍കി പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ട് പോയിരുന്നത്. ഒരേ സ്ഥലത്ത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ ചില ദിവസങ്ങളില്‍ ഇയാള്‍ 40 കിലോമീറ്റര്‍ വരെ നടന്നിരുന്നതായി പറയുന്നു. 6 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം സെപ്ടിക് ടാങ്കില്‍ തള്ളുകയായിരുന്നു. ഈ അന്വേഷണത്തിലാണ് രവീന്ദ്ര കുമാര്‍ പിടിയിലായത്.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് വാദി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇയാള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *