മേപ്പയൂര്‍: മലബാറിലെ ചരിത്ര പുരുഷന്മാരില്‍ പ്രമുഖനും കുറുമ്പ്രനാട് താലൂക്കിലെ നവോത്ഥാന നായകന്മാരിലൊരാളുമായിരുന്നു എം. എസ്. നമ്പൂതിരിപ്പാടെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം. ആര്‍. മുരളി പറഞ്ഞു. അദ്ദേഹം കലാകാരനായിരുന്നു, കലാസ്വാദകനുമായിരുന്നു. നാടിന് വേണ്ടി ത്യജിക്കാന്‍ മനസുള്ളയാളായിരുന്നു. മേപ്പയൂര്‍ കൊഴുക്കല്ലൂരിലെ മക്കാട്ടില്ലത്ത് എം. എസ് നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും ചരമ വാര്‍ഷിക പരിപാടികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലരുടെ ജീവിതം പാഠപുസ്തകങ്ങളാണ്. അത് ചരിത്രമായി പുനരുദ്ധരിക്കും. അവരുടെ മരണത്തോടെ ഒന്നാം ഘട്ടം അവസാനിക്കുകയും മറ്റൊരു ഘട്ടം ചരിത്ര പാഠമായി നില്‍ക്കുകയും ചെയ്യും. എം. എസ്. നമ്പൂതിരിപ്പാട് ചരിത്ര പുസ്തകമായി നിലനില്‍ക്കും. ചരിത്രം അന്ധവിശ്വാസങ്ങളുടേതല്ല, അത് വസ്തുതകളുടേതാണ്. അത് സംരക്ഷിക്കപ്പെടണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന്‍ അധ്യക്ഷത വഹിച്ചു.