കോഴിക്കോട്: ഇരുചക്ര വാഹനയാത്രികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആള്‍ കേരള ടു വീലര്‍ ഓണേഴ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു.
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി സ്‌കൂളിലേക്കോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്ന നിയമം ആശങ്കാജനകമാണെന്നും മേല്‍ നിയമം അടിയന്തിരമായി പിന്‍വലിക്കുന്നതിന് ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മെട്രോ സിറ്റികളിലോ കര്‍ണാടകയിലോ തമിഴ്‌നാട്ടിലോ ഇത്തരം ക്യാമറകള്‍ റോഡില്‍ സ്ഥാപിച്ച് പിഴ ഈടാക്കുന്ന സംവിധാനം നടപ്പിലാക്കിയിട്ടില്ല എന്നിരിക്കെ കേരളത്തില്‍ പാവപ്പെട്ട ടുവീലര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തികപ്രയാസവുമുണ്ടാക്കുന്ന നടപടിയില്‍ നിന്നും ഇടതുസര്‍ക്കാരുകള്‍ പിന്മാറണം.
ക്യാമറയില്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ നിയമലംഘനം പെട്ടാല്‍ ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ പിഴ ഈടാക്കുമെന്നത് പ്രാകൃത നിയമമാണ്. ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കിങ് ചെയ്യാനുള്ള സംവിധാനം ഒരുക്കണം.
ആകെ കേരളത്തില്‍ എല്ലാ വാഹനങ്ങള്‍ അടക്കം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കോടി മൂന്ന് ലക്ഷമാണ്. ഇതില്‍ 76 ലക്ഷത്തോളം വരം ഇരുചക്രവാഹനങ്ങള്‍. ഇവര്‍ ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറായാല്‍ ഏതു സര്‍ക്കാര്‍ വന്നാലും അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാവുന്നതാണ്.
ഇവര്‍ നേരിടുന്ന കാതലായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിനായി സംഘടന ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാപ്പു വടക്കയില്‍ മലപ്പുറം, മനാഫ് താനൂര്‍, ഹബീബ് കെ. കണ്ണൂര്‍, മണിലാല്‍ ബാലുശ്ശേരി, സജീവ് മാധവ് ഇടുക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.