സെക്രട്ടേറിയറ്റിലെ തീപിടിത്തം: ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും: മന്ത്രി പി. രാജീവ്

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് നോര്‍ത്ത് സാന്റ്‌വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ്. മൂന്നാം നിലയിലുണ്ടായ തീപ്പിടിത്തം പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞതായും ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും മന്ത്രി പറഞ്ഞു. ഓഫീസിലുള്ളത് ഇ-ഫയലുകളാണ്. ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും ഓഫിസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
പി രാജീവിന്റെ ഓഫീസിന് സമീപത്തുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് ഇന്ന് പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ കത്തിനശിച്ചത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഉന്നത പോലിസ് സംഘവും ജില്ലാ കലക്ടറും സ്ഥലത്തെത്തി. ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പോലിസ് നല്‍കിയ വിശദീകരണം.

ക്യാമറാ വിവാദം അന്വേഷിക്കുന്ന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റിയതില്‍ മന്ത്രി വിശദീകരണം നല്‍കി. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു. ഉടന്‍ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് കരുതുന്നത്. കെല്‍ട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധനയെ കുറിച്ച് അവര്‍ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Share

Leave a Reply

Your email address will not be published. Required fields are marked *