ന്യൂഡല്‍ഹി വേതന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും നേരിട്ട് നിവേദനമര്‍പ്പിച്ച് കേരളത്തിലെ സ്‌കൂള്‍ പാചകതൊഴിലാളി സംഘടന. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പര തര്‍ക്കത്തിനിടയില്‍ മാസങ്ങളായി വേതന വിതരണത്തിലുണ്ടാകുന്ന കാലതാമസം തങ്ങളുടെ ജീവിതം ദുരിപൂര്‍ണമാക്കിയെന്ന് പാചകതൊഴിലാളികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരള സര്‍ക്കാര്‍ പറയുന്നത് കണക്കിലെടുത്താണ് പാചകതൊഴിലാളികളുടെ സംസ്ഥാന കമ്മിറ്റി പ്രധനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും നിവേദനം നല്‍കിയത്. 250 കുട്ടികള്‍ക്ക് ഒരു പാചകക്കാരന്‍ എന്ന നിലയ്ക്ക് ആക്കി അധ്വാനഭാരം കുറയ്ക്കുക, മിനിമം വേതനം 900 രൂപയാക്കുക, പ്രായപരിധി 70 വയസ്സാക്കുക, പിഞ്ഞുപോകുമ്പോള്‍ അഞ്ച് ലക്ഷം സഹായധനമായി നല്‍കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
സ്‌കൂല്‍ പാചക തൊഴിലാളി സംഘടന സംസ്ഥാന പ്രസിഡന്റ് എസ്. ശകുന്തള, ജനറല്‍ സെക്രട്ടറി ജി. ഷാനവാസ്, ഒ. പദ്മനാഭന്‍, കെ. എസ്. ജോഷി, എന്‍. പി. സുമതി, പി. എം. ശംസുദ്ദീന്‍, റോസി റപ്പായി എന്നിവരടങ്ങുന്ന നിവേദക സംഘമാണ് പ്രധാനമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ട് നിവേദനം സമര്‍പ്പിച്ചത്.