ഭോപ്പാല്‍: മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ പാലത്തിന്മേലാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ 50 പേര്‍ക്കാണ് പരുക്കേറ്റത്. ഇന്‍ഡോറിലേക്കുള്ള യാത്രക്കിടയില്‍ ഖാര്‍ഗോണിലെ ദസംഗ പ്രദേശത്തുവച്ചായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആഭ്യന്തരമന്ത്രി നരോത്ത മിശ്ര പറഞ്ഞു. അപകടകാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസാര പരുക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കൂടാതെ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. ‘മധ്യപ്രദേശിലെ ഭാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 നല്‍കും’, പ്രധാനമന്ത്രി കുറിച്ചു.