ഇംഫാല്‍: മണിപ്പൂരില്‍ പ്രബല വിഭാഗമായ മെയ്‌തേയിക്ക് ഗോത്രവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കിയതിനെ സംബന്ധിച്ചുണ്ടായ കലാപം മനുഷ്യനിര്‍മിതമാണെന്ന് ആരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കണ്ടാല്‍ വെടിവെച്ചുകൊല്ലാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തില്‍ എത്ര മനുഷ്യരെ വെടിവെച്ചു കൊന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മമത ആവശ്യപ്പെട്ടു.
മണിപ്പൂരിലുണ്ടായ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് അറിയിച്ചത്. 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ അഗ്നിക്കിരയായി എന്നും ബീരേന്‍ സിങ് അറിയിച്ചു. എന്നാല്‍ വെടിവെപ്പില്‍ എത്ര പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നില്ലെന്നാണ് മമതയുടെ ആരോപണം. പശ്ചിമ ബംഗാളിലായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുമായിരുന്നു. ബംഗാള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിലേക്കാണ് പോകേണ്ടത്. മമത പറഞ്ഞു.
അതേസമയം, മണിപ്പൂരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. കലാപം ആരംഭിച്ച ചുരാചന്ദ്പൂരിലും മറ്റു ഭാഗങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും പെട്രോള്‍ പമ്പുകളിലും മറ്റും തിരക്കനുഭവപ്പെടാനും തുടങ്ങിയിട്ടുണ്ട്.
കലാപം നിയന്ത്രിക്കാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും പോലീസും ഉള്‍പ്പെടെ പതിനായിരത്തോളം സുരക്ഷാസേനാംഗങ്ങളെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. മണിപ്പൂരിന്റെ രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.