കോഴിക്കോട്: കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് യുവസംരഭകനായ ഞാന്‍ സ്വപ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയ ‘ബര്‍ഗര്‍ ലോഞ്ച്’എന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സ്ഥാപനത്തിന്റെ ഫൗണ്ടറും സി.ഇ.ഒയുമായ ഷുഹൈബ് ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിന് മുന്‍പ് 25ഓളം ഫ്രാഞ്ചൈസികളുമായി നല്ല നിലയില്‍ നടന്നിരുന്ന ബര്‍ഗര്‍ ലോഞ്ചിന് കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ എന്റെ സുഹൃത്തായ അബ്ദുല്‍ കരീം മുഖേന പ്രവാസി വ്യവസായിയും മാത്തോട്ടം സ്വദേശിയുമായ അബ്ദുള്ള കോയ സമീപിക്കുകയും ബിസിനസില്‍ മുതല്‍മുടക്കാമെന്ന് വാഗ്ദാനം നല്‍കുകയും അഡ്വാന്‍സായി 15 ലക്ഷം രൂപ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഞാന്‍ അറിയാതെ അബ്ദുള്ളകോയ ഫ്രാഞ്ചൈസികളെ നേരില്‍ ബന്ധപ്പെടുകയും എന്റെ സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ബിസിനസിന്റെ വിപുലീകരണത്തിനായി ഇദ്ദേഹം വാഗ്ദാനം ചെയ്ത തുകയിലേക്ക് 15 ലക്ഷം രൂപ എനിക്ക് തന്നതിന് ബാങ്കിന്റെ രേഖയുണ്ട്. എന്നാല്‍, ഇദ്ദേഹത്തിന്റെ നിഗൂഢമായ താല്‍പ്പര്യങ്ങള്‍ മനസിലാക്കി ഞാന്‍ അത് ചോദ്യം ചെയ്തപ്പോള്‍ എന്നെ തകര്‍ക്കാന്‍ ഭീമമായ തുകയ്ക്ക് ബാങ്കില്‍ ചെക്ക് പ്രസന്റ് ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അടക്കം എന്റെ സ്ഥാപനത്തെ കുറിച്ച് വ്യാജപ്രചരണം നടത്തുകയും അത് പോലിസ് ഇടപ്പെട്ട് തടയുകയും ചെയ്തിട്ടുണ്ട്. എന്റെ സ്ഥാപനത്തെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തല്‍പ്പരകക്ഷികള്‍ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ കഠിനധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത ബര്‍ഗര്‍ ലോഞ്ച് തെറ്റായ മാര്‍ഗത്തിലൂടെ തട്ടിയെടുക്കാനാണ് പ്രവാസി വ്യവസായി കൂടിയായ അബ്ദുള്ള കോയ ശ്രമിക്കുന്നത്. നിയമപരമായി ഇക്കാര്യങ്ങളെ നേരിടുമെന്ന് ഷുഹൈബ് ഹമീദ് കൂട്ടിച്ചേര്‍ത്തു.