തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍കടന്ന് ബംഗ്ലാദേശ്-മ്യാന്മാര്‍ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.