ന്യൂഡല്‍ഹി: പാക് പിന്തുണയോടെയുള്ള തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍. ഐ. എ റെയ്ഡ്. ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. ജമ്മു കശമീരില്‍ ഷോപിയാനില്‍ മൂന്നിടങ്ങളിലും അനന്ത്നാഗില്‍ നാലിടങ്ങളിലും ബാരാമുള്ളയിലും രജൗരിയിലും ഒരിടത്തും ശ്രീനഗറിലും പൂഞ്ചിലും ബുദ്ഗാമിലും രണ്ടിടത്ത് വീതവുമാണ് പരിശോധന നടന്നത്.
തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പി. എഫ്. ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന പുരോഗമിക്കുകയാണ്. മധുരയിലെ പിഎഫ്ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍. ഐ. എ അറസ്റ്റ് ചെയ്തു. യു. പിയില്‍ മറ്റൊരു പി. എഫ്. ഐ നേതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.