നീറ്റ് പരീക്ഷയിലെ വസ്ത്രാക്ഷേപം തുടരുന്നു

നീറ്റ് പരീക്ഷയിലെ വസ്ത്രാക്ഷേപം തുടരുന്നു

മുംബൈ: നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധനയ്‌ക്കെതിരെ വ്യാപകമായ പരാതി. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളോട് അടിവസ്ത്രത്തിന്റെ ഹുക്ക് അഴിച്ചുമാറ്റാനും ധരിച്ചു വന്ന വസ്ത്രം കൂടെ വന്ന രക്ഷിതാക്കളുമായി മാറ്റാനും ആവശ്യപ്പെട്ടുവെന്നാണ് പരാതി. ചിലരോട് ധരിച്ചിരുന്ന വസ്ത്രം പുറം തിരിച്ച് ഇടാനും ദേഹപരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ അടിവസ്ത്രം മാത്രമിട്ട് പരീക്ഷ എഴുതാനും വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിതരായും ആരോപണമുണ്ട്.

പരീക്ഷാ കേന്ദ്രത്തിന് സമീപത്തുള്ള കടകളില്‍ നിന്നും പുതിയ വസ്ത്രം വാങ്ങേണ്ട അവസ്ഥ നേരിട്ടതായും പരീക്ഷാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രെസ് കോഡ് പാലിക്കാനായി ദേഹ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. വനിതാ പരീക്ഷാര്‍ത്ഥികളോട് ഇത്തരം രൂക്ഷമായ ദേഹപരിശോധനാ നയം സ്വീകരിക്കരുതെന്ന് വ്യക്തമാക്കി നിര്‍ദ്ദേശം നല്‍കുമെന്നാണ് പരാതികളേക്കുറിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദമാക്കുന്നത്.

സംഭവത്തില്‍ നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും രൂക്ഷമായി പ്രതിഷേധവുമായി എത്തിയിട്ടുമുണ്ട്. ദീര്‍ഘകാലത്തെ പഠനത്തിന് ശേഷം പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തരം ദേഹപരിശോധനകള്‍ മൂലമുണ്ടാകുന്നുവെന്നാണ് വിമര്‍ശനം.

Share

Leave a Reply

Your email address will not be published. Required fields are marked *