ബെയ്ജിങ്: ചൈനയില്‍ ചാറ്റ് ജി. പി. ടി ദുരുപയോഗപ്പെടുത്തി വ്യാജവാര്‍ത്ത സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ചാറ്റ് ജി. പി. ടി ഉപയോഗിച്ച് ട്രെയിന്‍ അപകടം നടന്നതായി വ്യാജ വാര്‍ത്ത സൃഷ്ടിച്ച യുവാവിനെയാണ് ഗാന്‍സു പ്രവിശ്യയിലെ പോലീസ് അറസ്റ്റ് ചെയ്തത്.
ഹോങ് എന്ന യുവാവാണ് ചാറ്റ് ജി. പി. ടി ദുരുപയോഗപ്പെടുത്തി ട്രെയിന്‍ അപകടമുണ്ടായതായി വ്യാജവാര്‍ത്ത സൃഷ്ടിച്ചത്. ട്രെയിന്‍ അപകടത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബെയ്ജിയഹോ എന്ന ചൈനീസ് പ്ലാറ്റ് ഫോം വഴി 20 ഓളം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. ഹോങിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്നാണ് വാര്‍ത്ത പുറത്തു വന്നതെന്ന് കോങ്‌ടോങ് കൗണ്ടി സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴേയ്ക്ക് 15000 ക്ലിക്കുകള്‍ വീണിരുന്നു. അറസ്റ്റിലായ ഹോങ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വന്ന് വാര്‍ത്തകളിലെ വിവരങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ജി. പി. ടി ദുരുപയോഗപ്പെടുത്തി ബെയ്ജിയഹോയുടെ ഡ്യൂപ്ലിക്കേഷന്‍ ചെക്ക് ഫങ്ഷന്‍ മറികടന്ന് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ചാറ്റ് ജി. പി. ടി യെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ചൈനയില്‍ നടക്കുന്ന ആദ്യത്തെ അറസ്റ്റാണ് ഇയാളുടേത്.