ന്യൂഡല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് തിരിച്ചടിയുണ്ടാക്കുമെന്ന കെ. എസ്. ആര്‍. ടി. സി യുടെ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കം കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ കെ. എസ്. ആര്‍. ടി. സിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
പുതിയ സ്‌കീം നിലവില്‍ വന്നതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടിസിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ ദീപക് പ്രകാശും സുപ്രീം കോടതിയെ അറിയിച്ചു. ഹെക്കോടതി വേനല്‍ അവധിക്ക് ശേഷം ഹര്‍ജിയില്‍ അന്തിമവാദം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇടപെടന്നാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി
മെയ് 23 ന് ഹൈക്കോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങുമെന്ന് അഭിഭാഷകര്‍ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു. ഇതോടെ ഹര്‍ജിയില്‍ എത്രയും വേഗം വാദം കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അരവിന്ദ് കുമാര്‍ എന്നിവര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. താല്‍കാലികമായി 140 കിലോമീറ്ററില്‍ മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്ന ബസുകള്‍ക്ക് അത് പുതുക്കി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്നാല്‍ കേരളത്തിലെ മോട്ടാര്‍ വാഹന ചട്ടത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം സര്‍ക്കാര്‍ സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററില്‍ താഴെ പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെ ചോദ്യം ചെയ്താണ് ബസ് ഉടമകള്‍ ഹൈക്കോടതിയില്‍ എത്തിയത്. ഇതില്‍ ഹൈക്കോടതി നടത്തിയ ഇടക്കാല ഉത്തരവ് കോര്‍പ്പേറഷന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം.