അമൃത്സര്‍: മൂന്നു ദിവസത്തിനിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ശനിയാഴ്ച സ്‌ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്‌ഫോടനമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്ഥിതിഗതികള്‍ ശാന്തമാണെന്നും ബോംബ് സ്‌കാഡും ഫോറന്‍സിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചില കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ ഉടയുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദ ആക്രമണമല്ലെന്ന് പഞ്ചാബിലെ എ. എ. പി സര്‍ക്കാര്‍ അറിയിച്ചു. സ്‌ഫോടനം ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും രണ്ട് സ്‌ഫോടനങ്ങളിലും ഗൗരവമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.