ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവിടരങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഇഡിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ വഴി നോട്ടീസ് കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ലൈഫ് മിഷന്‍ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ എടുത്തതാണെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപ്പത്രം സമര്‍പ്പിച്ചു. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യഅപേക്ഷയെ ഇഡി എതിര്‍ത്തില്ലെന്നും ഈ നിലപാടിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ശിവശങ്കര്‍ വാദിച്ചു. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്
ഈ മാസം പതിനേഴിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ മാസം പതിനേഴിന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ശിവശങ്കറിനായി അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരും സുപ്രീം കോടതിയില്‍ ഹാജരായി.