ന്യൂഡല്‍ഹി: രാജ്യത്താകമാനം ഔപചാരിക വിദ്യാഭ്യാസം നേടുന്ന മുസ്ലീം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു കാണിക്കുന്നെന്ന് പഠനറിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന കൊഴിഞ്ഞു പോക്കാണ് മുസ്ലീം വിദ്യാര്‍ഥികള്‍ക്കിടയിലുള്ളതെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു യൂനിവേഴ്‌സിറ്റിയിലെ അധ്യാപിക റുബിന തബസാത്തിന്റെ പഠനം വിലയിരുത്തുന്നു. സ്റ്റാറ്റസ് ഓഫ് മുസ്ലീം ഡ്രോപ് ഔട്ട് ഇന്‍ കംപാരറ്റീവ് പെര്‍സ്‌പെകടീവ് എന്ന പഠനത്തിലാണ് പഠനം പൂര്‍ത്തിയാക്കാത്ത മുസ്ലീം വിദ്യാര്‍ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുകള്‍.
കൊഴിഞ്ഞു പോക്കിന്റെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് മുസ്ലീം വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്. ദേശീയ ശരാശരി 18. 96 ഉം മുസ്ലീം വിദ്യാര്‍ഥികളുടെത് 23. 1ശതമാനവുമാണ്. സ്‌കൂളില്‍ ചേരുന്ന മുസ്ലീം വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതായും പഠനം പൂര്‍ത്തിയാക്കാത്തവരുടെ എണ്ണം കൂടുന്നതായും പഠനം സൂചിപ്പിക്കുന്നു. പശ്ചിമബംഗാളില്‍ ജനസംഖ്യയുടെ 27 ശതമാനം മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ പഠനം പാതിവഴിക്ക് നിര്‍ത്തുന്നവര്‍ 27. 2 ശതമാനമാണ്. ബിഹാറില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരുടെ വരുമാനത്തില്‍ സാരമായ വര്‍ധനയുണ്ടെങ്കിലും വിദ്യാഭ്യാസത്തില്‍ കാര്യമായ പരിഗണന ലഭിക്കുന്നില്ല. 13.9 ശതമാനം മുസ്ലീം വിദ്യാര്‍ഥികള്‍ ബിഹാറില്‍ നിന്ന് കൊഴിഞ്ഞു പോകുന്നു.
മൗലാനാ അബ്ദുള്‍ കലാം ആസാദിനു ശേഷം ഒരു മുസ്ലീം നേതാവു പോലും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിട്ടില്ല എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് പുറത്തു വിട്ട പഠനം വ്യക്തമാക്കുന്നു. പഠനത്തിന് പ്രാധാന്യമുണ്ടെങ്കിലും നല്‍കുന്നത് ശരിയായ രീതിയിലല്ല. 6- 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിയമമനുസരിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസം നല്കുന്നുണ്ടെങ്കിലും 15 വയസിനു ശേഷം മുസ്ലീം സമുദായത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് റുബീനയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള ജമ്മു കശ്മീരിലടക്കം സ്ഥിതി വ്യത്യസ്തമല്ല.
മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് നിഖാബും ചെറുപ്രായത്തിലെ വിവാഹവും വലിയൊരു കാരണമാണെന്നും പഠനം വിലയിരുത്തുന്നു. മൗലാന ആസാദ് വിദ്യാഭ്യാസ ഫെലോഷിപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചതും കര്‍ണാടകയില ബുര്‍ഖ, നിഖാബ് ധരിക്കുന്നതിലെ വിലക്കും മുസ്ലിം പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് കൂടാന്‍ കാരണമായിട്ടുണ്ടെന്നും റുബീന പഠനത്തില്‍ വിശദമാക്കുന്നു. അസമില്‍ മദ്രസകള്‍ അടച്ച് പൂട്ടിയതും കൊഴിഞ്ഞ് പോക്ക് കൂടാന്‍ കാരണമായി. ശരിയായ നേതൃത്വമില്ലാത്തതാണ് മുസ്ലിം വിഭാഗത്തിലെ ഈ കൊഴിഞ്ഞ് പോക്കിന് കാരണമായി റുബീന വിശദമാക്കുന്നത്.