കോഴിക്കോട്: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍- യു.എ.ഇ. സെക്ടറില്‍ യാത്ര- ചരക്കു കപ്പല്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള കമ്പനി പ്രതിനിധികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായി പ്രാഥമിക യോഗം നാളെ (09/06/2023) നടക്കും. കായംകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് അവൈലബിള്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാഥമിക യോഗം. ഗള്‍ഫ് സെക്ടറിലെ വിമാന യാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ലഗേജുമായി ആഘോഷ – അവധി വേളകളില്‍ ചാര്‍ട്ടേഡ് യാത്ര- ചരക്ക് കപ്പല്‍ സര്‍വീസ് നോര്‍ക്കയുടെ സഹകരണത്തോടെ എത്രയും വേഗം ആരംഭിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് യോഗം.
കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിച്ചു വലിയ കപ്പലുകളും കണ്ടെയ്‌നറുകളും ബേപ്പൂര്‍ തുറമുഖത്തേക്ക് ആകര്‍ഷിക്കുന്നതിന് നിലവിലെ മൂന്നര മീറ്റര്‍ ആഴം അഞ്ചര മീറ്റര്‍ ഉയര്‍ത്തി,ബേപ്പൂര്‍ വാര്‍ഫ് മുതല്‍ കടലിലേക്ക് രണ്ടര കിലോമീറ്റര്‍ നീളത്തില്‍ ക്യാപ്പിറ്റല്‍ ഡ്രഡ്ജിങ് നടത്തുന്ന പ്രവര്‍ത്തി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി, തുറമുഖ വകുപ്പുമന്ത്രി മാരി ടൈം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മെയ് രണ്ടിന് ഉദ്ഘാടനം ചെയ്തത് മലബാറിന്റെ സമഗ്ര വികസനത്തിന് ഏറെ ഉപകരിക്കും. മുഖ്യമന്ത്രിയുടെയും തുറമുഖ വകുപ്പ് മന്ത്രിയുടെയും നിര്‍ദേശാനുസരണം മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ കായംകുളത്ത് യോഗം ചേരുന്നത് .
തുടര്‍ന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തും, ദുബായില്‍ നോര്‍ക്കവുമായി സഹകരിച്ച് കപ്പല്‍ കമ്പനികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടേയും യോഗം ചേരുന്നതടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് മുഖ്യമന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ടൂറിസം മന്ത്രി, മാരി ടൈം ബോര്‍ഡ് ചെയര്‍മാന്‍, മറ്റു ബന്ധപ്പെട്ടവര്‍ക്കും വിശദമായറിപ്പോര്‍ട്ട് സമര്‍പ്പിക്കും.