ദേവായനം നൂതന ദൃശ്യാനുഭവമായി

ദേവായനം നൂതന ദൃശ്യാനുഭവമായി

ചാലക്കര പുരുഷു

മാഹി: കലാസ്വാദകരില്‍ അവിസ്മരണീയ ദൃശ്യാനുഭൂതി പകര്‍ന്ന ദേവായനം ദേശീയചിത്ര പ്രദര്‍ശനത്തിന് ഇന്ന് മലയാള കലാഗ്രാമത്തില്‍ തിരശ്ശീല വീഴും. ഒരു കാലഘട്ടത്തിന്റെ ഭൗതികവും ആധ്യാത്മികവുമായ ചലനങ്ങളെ ചിത്രവായനക്കാര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയുടെ അനുഭൂതി പകര്‍ന്നേക്കുകയാണ് ചിത്രകലയിലെ ദേവനായിരുന്ന എം.വി ദേവന്റെ സ്മരണയില്‍ ഏഷ്യന്‍ ആര്‍ട്ട് സെന്ററും മലയാള കലാഗ്രാമവും ചേര്‍ന്ന് സംഘടിപ്പിച്ച
ഈ ചിത്ര പ്രദര്‍ശനം. നിരാശയും നിഹിലിസവും അമര്‍ഷവും ക്രോധവും ആധ്യാത്മികതയും വിപ്ലവവുമെല്ലാം നമ്മുടെ ദൃശ്യബോധത്തിലുടെ കടന്നുപോവുകയാണിവിടെ. വര്‍ണങ്ങളുടയും വരകളുടേയും അനന്തമായ ആകാശ സീമകളിലേക്കെത്തിച്ച സംസ്ഥാന ദേശീയ തലത്തില്‍ ശ്രദ്ധേയരായ ചിത്രരചയിതാക്കളുടെ 72 രചനകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

ഭാരതീയ ദര്‍ശനത്തിന്റെ ആത്മാവിനെ ആവാഹിക്കാന്‍ കഴിഞ്ഞ മുത്തുക്കോയയുടേയും പാരമ്പര്യ ശൈലി മുറുകെ പിടിച്ചപ്പോഴും തന്റെ രചനകളിലെല്ലാം ആനുകാലികതയുടെ സ്വാധീനത പ്രാപ്യമാക്കുന്ന കലാധരന്‍ കലാപീഠത്തിന്റെ ക്യാന്‍വാസും ആത്യന്തികമായ സത്യത്തെ തേടിയുള്ള നിരന്തരമായ യാത്ര നടത്തിയ സുനിത് ചോപ്രയുടെ ചിത്രപരമ്പരയും ആസ്വാദകരെ ഒരു വേള പിടിച്ചു നിര്‍ത്താന്‍ പോന്നവയാണ്.
വൈക്കം മുഹമ്മദ് ബഷീറിനെ അവതരിപ്പിച്ച നമ്പൂതിരിയുടെ രേഖാ ചിത്രങ്ങള്‍ക്കുള്ള കരുത്ത് ആരേയും അതിശയിപ്പിക്കും. ലളിത കലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തിന്റെ ആറ് മിനിയേച്ചറുകളും അക്കാദമി സെക്രടറി ബാലമുരളി വരച്ച സ്വന്തം ഗ്രാമത്തിന്റെ ദൃശ്യചാരുതയും വേറിട്ട കാഴ്ചകളായി. സംഗീതത്തിലെ സ്വരൈക്യത്തെ അനുസ്മരിപ്പിക്കും വിധം വര്‍ണങ്ങളുടെ ഒരു സിംഫണിയാണ് ബിനുരാജ് കലാപീഠം കാഴ്ചവെച്ചത്. ദേശീയ പൈതൃകത്തിന്റെ അന്തര്‍ധാരകള്‍ തേടിയുള്ള അന്വേഷണമാണ് ഡി. അജോയ്കുമാര്‍ തന്റെ ക്യാന്‍വാസില്‍ അടയാളപ്പെടുത്തിയത്. ആകൃതിയെ രൂപമാക്കി മാറ്റുന്ന സവിശേഷ സിദ്ധിയും ജലച്ഛായാ പ്രയോഗത്തിലെ കൈത്തഴക്കവും കൊണ്ട് ശ്രദ്ധേയമാണ് പ്രശാന്ത് ഒളവിലത്തിന്റെ രചനകള്‍. ഭാവാവിഷ്‌ക്കാരം നിര്‍വഹിക്കുമ്പോഴും അതിശയോക്തിപരമായ ആഖ്യാന രീതി അവലംബിക്കുന്നില്ലെന്ന് സുരേഷ് കൂത്തുപറമ്പിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒഴുക്കാര്‍ന്ന പെയിന്റിങ്ങുകളുടെ മനോജ്ഞ പ്രവാഹമാണ് ലതാദേവിയുടെ പെയിന്റിങ്ങിന്റെ പ്രത്യേകത വര്‍ഗ്ഗീസ് കളത്തില്‍, ശ്രീജപള്ളം, മധുവേണുഗോപാല്‍, എസ്.ജി വാസുദേവന്‍, അക്കിത്തം നാരായണന്‍, പ്രദീപ് പുത്തൂര്‍, കെ.കെ ശശി, ബഞ്ചിത രാജീവ്, ബിജി ഭാസ്‌ക്കര്‍, ധനരാജ് കീഴറ, പൊന്‍മണി മാത്യു എന്നിവരുടെ രചനാചാതുരിയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. ബാലന്‍ നമ്പ്യാര്‍, ജോര്‍ജ് ജോസഫ്, ശശികുമാര്‍, മനോജ് എന്നിവരുടെ ശില്‍പ്പങ്ങളും കലാസപര്യയുടെ പാരമ്യത്തോളമെത്തുന്നവയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *