താനൂര്‍ ബോട്ട് ദുരന്തം: മരണം 22; 10 പേര്‍ ചികിത്സയില്‍, ഏഴ് പേരുടെ നിലഗുരുതരം

താനൂര്‍ ബോട്ട് ദുരന്തം: മരണം 22; 10 പേര്‍ ചികിത്സയില്‍, ഏഴ് പേരുടെ നിലഗുരുതരം

എന്‍.ഡി.ആര്‍.എഫ് സംഘം തിരച്ചില്‍ തുടങ്ങി

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 മരണം. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. നിലവില്‍ 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഏഴ് പേരുടെ നിലഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരില്‍ കൂടുതലും കുട്ടികളാണ്.

രാത്രി 7നും 7.40നും ഇടയില്‍, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കെട്ടിവലിച്ചും ജെ.സി.ബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗക ദുഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ ഇന്ന് താനൂരിലെത്തും.

ബോട്ടുടമക്കെതിരെ കേസ്

ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതില്‍ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *