താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ, മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ, മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കൂടാതെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരുടെ ചികല്‍സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ അടങ്ങുന്ന കമ്മീഷനായിരിക്കും ബോട്ടപകടം അന്വേഷിക്കുക. നേരത്തെ നടന്ന ബോട്ടു ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായി തന്നെ പരിശോധിക്കുമെന്നും മേലില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ ഇപ്പോള്‍ തന്നെയെടുക്കണം. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ അബ്ദുള്‍ റഹിമാന്‍ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടക്കമുള്ള മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ തന്നെ ക്യാംപ് ചെയ്യുന്നുണ്ട്.
താനൂരില്‍ ഇന്നലെയാണ് ബോട്ട് അപകടത്തില്‍ പെട്ടത്. 40 ഓളം പേര്‍ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരില്‍ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേര്‍ മരണമടഞ്ഞപ്പോള്‍ അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.

https://peoplesreview.co.in/kerala/44908

Share

Leave a Reply

Your email address will not be published. Required fields are marked *