ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍ ജന്തര്‍ മന്തറിലെത്തി. തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകര്‍ സമരവേദിയിലെത്തിയത്. ഇന്നലെ കര്‍ഷക സമര നേതാവ് രാകേഷ് ടികായതിന്റെ നേതൃത്വത്തിലെത്തിയ കര്‍ഷകര്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ്, യു. പി. ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗുസ്തിതാരങ്ങളുടെ സമരത്തില്‍ അണിചേരാനെത്തിയത്. കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് റോഡ് അടച്ചിരുന്നു. ഡല്‍ഹി അതിര്‍ത്തിയായ സിംഗു, തിക്രി തുടങ്ങിയ പ്രദേശങ്ങളില്‍ പാരാമിലിട്ടറിയെയും ജന്തര്‍ മന്തറില്‍ രണ്ടായിരത്തിലധികം പോലീസുകാരെയും വിന്യസിച്ചിരിക്കുയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ഞായറാഴ്ച രാത്രി മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തി.