എഐ ക്യാമറ ഇടപാട്: കരാറുകള്‍ സംബന്ധിച്ച് കെല്‍ട്രോണില്‍ ഇന്‍കം ടാക്‌സ് പരിശോധന

എഐ ക്യാമറ ഇടപാട്: കരാറുകള്‍ സംബന്ധിച്ച് കെല്‍ട്രോണില്‍ ഇന്‍കം ടാക്‌സ് പരിശോധന

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് പരിശോധന. കരാര്‍, ഉപകരാര്‍ ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്.

എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ കല്ലുകടി ഉണ്ടായിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശം ധനവകുപ്പിറക്കിയതാണ്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദേശം നിലവിലുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെല്‍ട്രോണ്‍ പദ്ധതി നടപ്പാക്കിയത്.

കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴ കുറഞ്ഞാല്‍ തിരിച്ചടവിന് പണമെവിടെ നിന്ന് തുടങ്ങി ചീഫ് സെക്രട്ടറിയുടെ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല. കോടികള്‍ മുടക്കി കേരളത്തിലുടനീളം ക്യാമറകള്‍ സ്ഥാപിച്ചു. പൊതുമേഖലാ സ്ഥാപനം പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ ഇനി പിന്നോട്ട് പോകാനാവില്ല. വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ കെല്‍ട്രോണില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുന്നത്.

എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയത് ഗതാഗത വകുപ്പുപോലും അറിഞ്ഞിരുന്നില്ല. കരാറും ഉപകരാറുമായി കുഴഞ്ഞുമറിഞ്ഞ് ക്യാമറകള്‍ സ്ഥാപിച്ചു. പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയല്‍ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതില്‍ ധനവകുപ്പിനും അതൃപ്തിയുണ്ട്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തുവെന്നാണ് വിവരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *