തിരുവനന്തപുരം: സിപി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. എഐ ക്യാമറ വിവാദങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത് എന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എഐ ക്യാമറ വിവാദം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചില്ലെന്നാണ് സൂചന. സംഘടനാ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്.
യോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി അടക്കമുളള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി വീണ്ടും സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ സാധ്യതയുണ്ട്.
അതേസമയം എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നത് കൊണ്ടാണെന്ന് എ.കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല. അതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.