കോഴിക്കോട്: പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിച്ച് പോരുന്ന സമുദായങ്ങള്‍ക്കിടയില്‍ കളവുകള്‍ പ്രചരിപ്പിച്ച് സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്‍പര കക്ഷികള്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഒന്നിക്കണമെന്ന് കോഴിക്കോട് പാളയം ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാളയം പള്ളിയില്‍ നടത്തിയ ജുമുഅ ഖുതുബാ പ്രഭാഷണത്തിലാണ് ഇമാം ഡോ. മടവൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിന്നുമെതിരേ കളവുകള്‍ നിരത്തി നിര്‍മ്മിച്ച ‘കേരളാ സ്റ്റോറി’ എന്ന സിനിമയിലുള്ളത് കേരള ചരിത്രമല്ല. കേരളത്തിന് മൊത്തം അപമാനം വരുത്തി വെക്കുന്നതാണീ സിനിമ. കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും മത സൗഹാര്‍ദ്ദത്തിലധിഷ്ഠിതമാണ്. കോഴിക്കോട്ടെ സാമൂതിരി രാജാവും മുസ്‌ലിം ഖാസിമാരും തമ്മിലുള്ള ഊഷ്മളമായ ബന്ധം പ്രസിദ്ധമാണ്. ഇന്നും അവരുടെ പിന്‍മുറക്കാര്‍ അത് നിലനിര്‍ത്തിപ്പോരുന്നു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്‌നേഹിക്കുന്ന സാമൂതിരി രാജാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഖാസി മുഹമ്മദ് തന്റെ അല്‍ ഫത്ഹുല്‍ മുബീന്‍ എന്ന വിഖ്യാതമായ അറബി കാവ്യഗ്രന്ഥത്തില്‍ മുസ്‌ലിംകളോടാഹ്വാനം ചെയ്തിട്ടുണ്ട്. ചാലിയം കോട്ട തിരിച്ച് പിടിക്കാനായി സാമൂതിരിയുടെയുടെ കര സൈന്യവും കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യവും പദ്ധതികളാവിഷ്‌കരിച്ചത് മിഷ്‌ക്കാല്‍ പള്ളിയില്‍ യോഗം ചേര്‍ന്നാണ്. അങ്ങനെയാണ് ചാലിയം കോട്ട തിരിച്ചുപിടിച്ചത്. ഇവിടത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്നാട്ടുകാര്‍ തന്നെയാണ്, പുറമെ നിന്ന് വന്നവരല്ല.
ഇവിടെ ജനിച്ച അവര്‍ക്കെല്ലാം ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ അവസരമുണ്ടാവണം. ആരുടെയും മതത്തെയും വിശ്വാസത്തെയും പരിഹസിക്കാനോ അവമതിക്കാരനാ പാടില്ല. അതിനാല്‍ ‘കേരള സ്റ്റോറി’ എന്ന വിഷലിപ്തമായ സിനിമ ബഹിഷ്‌കരിക്കുകയും നിരോധിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.