സംഘര്‍ഷം മുറുകി മണിപ്പൂര്‍; സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സി. പി. എം

സംഘര്‍ഷം മുറുകി മണിപ്പൂര്‍; സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സി. പി. എം

ഇംഫാല്‍: പ്രബല വിഭാഗമായ മെയ്തിയെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ സൈന്യം ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ നാലുപേര്‍ വെടിയേറ്റു മരിച്ചു. പതിമൂന്നായിരം പേരെയാണ് സൈന്യം ചുരാചന്ദ്പൂരില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചത്. ഒഴിപ്പിച്ചവരെ സൈനികക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. സംഘര്‍ഷം വ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തു.

ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന് എ. ആര്‍. എസ് അസോസിയേഷന്‍ അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായ ലെറ്റ്മിന്‍താങ് ഹകോപിനെ അക്രമികള്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

അതിനിടെ, മണിപ്പൂരില്‍ കുടുങ്ങിയ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളില്‍ 9 പേരെ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച നാട്ടിലെത്തിക്കും. വിദ്യാര്‍ഥികളെ സുരക്ഷിതമായി വിമാനത്താവളങ്ങളിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സി. പി. എം പി. ബി കുറ്റപ്പെടുത്തി. സൈന്യത്തെ നിയോഗിച്ചിട്ടുള്ളതിനാല്‍ സംഘര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങള്‍ തുടരുകയാണെന്നും സിപിഎം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍, സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്രസര്‍ക്കാരിനും അതൃപ്തിയുണ്ട്.

അതേസമയം. മണിപ്പൂരിലെ കലാപം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നതാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംഘര്‍ഷസാധ്യത മുന്‍കൂട്ടി കാണാനോ, വേഗത്തില്‍ ഇടപെടാനോ കഴിഞ്ഞില്ല. ഇടഞ്ഞു നില്‍ക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളെ സമാധാന ചര്‍ച്ചക്ക് വിളിച്ചില്ലെന്നുതും കേന്ദ്രത്തിന് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അനുച്ഛേദം 355 പ്രകാരം സംസ്ഥാനത്ത് ക്രമസമാധാന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *