കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയും യു.എല്‍ സ്പേസ് ക്ലബും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 8,9,10 തീയതികളില്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആണു ക്യാമ്പ്. യൂണിവേഴ്സിറ്റിയിലെ ഇന്നൊവേഷന് ആന്‍ഡ് ഓന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് സെന്ററി (IEDC)ന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പസിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആര്.ഒ ഉപഗ്രഹകേന്ദ്രത്തിന്റെയും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിന്റെയും മുന്‍ ഡയറക്ടര്‍ ഡോ. പി. കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയാകും. ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായരെയും ഇന്ത്യന്‍ ബഹിരകാശ രംഗത്തെയും പറ്റി കാഞ്ഞിരപ്പാറ രവി സംവിധാനം ചെയ്ത ‘നിലാവിനെ അറിയാന്‍’ എന്ന ഡോക്യുമെന്ററി ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. വാനനിരീക്ഷണം, വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍, ക്ലാസുകള്‍, ലാബ് സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ ഒരുക്കുന്നുണ്ട്. ഐ.ഐ.എസ്.ടി രജിസ്ട്രാര്‍ ഡോ. വൈ.വി.എന്‍ കൃഷ്ണമൂര്‍ത്തി, ഡോ. സി.ഡി രവികുമാര്‍ തുടങ്ങിയ ശാസ്ത്രജ്ഞരുടെ ക്ലാസുകളും പ്രശസ്ത അമച്വര്‍ വാനനിരീക്ഷകരായ സുരേന്ദ്രന് പുന്നശ്ശേരിയും എടപ്പാള്‍ സുകുമാരനും നയിക്കുന്ന വാനനിരീക്ഷണവും ഉണ്ടാവും. കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികളും ഗ്രൂപ് ചര്‍ച്ചകളും സംവാദങ്ങളും സഹവാസക്യാമ്പിന്റെ ഭാഗമായി നടക്കും.
കേരളത്തിലുടനീളമുള്ള തെരഞ്ഞെടുത്ത 75 വിദ്യാര്‍ഥികള്‍ നേരിട്ടും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 100ഓളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയും ക്യാമ്പില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിലും തുടര്‍ന്നുള്ള ക്ലാസുകളിലും സ്പേസ് ക്ലബ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുത്ത എല്ലാ കുട്ടികള്‍ക്കും സൗജന്യമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ www.u-lspaceclub.in എന്ന വെബ്സൈറ്റില്‍ ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും യു.എല്‍ സ്പേസ് ക്ലബ്ബുമായി ബന്ധപ്പെടാം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവന്‍ ഡോ. രവികുമാര്‍ സി.ഡി അധ്യക്ഷനാകുന്ന ഉദ്ഘാടനയോഗത്തില്‍ യു.എല്‍.സി.സി.എസ് ചെയര്മാന് രമേശന് പാലേരി, ഐ.എസ്.ആര്.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടി, ഐ.എസ്.ആര്.ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഡോ. സുജിത്ത്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബൈജു ജി. നായര്‍, കേരള സ്റ്റാര്‍ട്ട് അപ് മിഷന് മെന്റര്‍ അജയന് കാവുങ്കല്‍, യു.എല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സന്ദേശ് ഇ.പി എന്നിവരും സംബന്ധിക്കും.
2016 ഒക്ടോബറില്‍ ഐ.എസ്.ആര്.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യു.എല്‍ സ്പേസ് ക്ലബ് യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിങ്, ഗണിതം, ബഹിരകാശം എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ താല്പര്യം വളര്‍ത്തിയെടുക്കുകയാണ് ക്ലബ്ബിന്റെ പ്രധാനലക്ഷ്യം. പൊതുപരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിക്ക് ക്ലബ്ബില്‍ ചേരാം. നിലവില്‍ രാജ്യമെമ്പാടുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ അഫിലിയേറ്റ് ഗ്രൂപ്പുകളിലാണ്.
യു.എസിലെയും മറ്റിടങ്ങളിലെയും മികച്ച ബഹിരാകാശ ക്ലബ്ബുകളോട് താരതമ്യം ചെയ്യാവുന്ന ഈ ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാം സൗജന്യമായി നല്കുന്നു. ശ്രീഹരിക്കോട്ടയില്‍ ഉപഗ്രഹവിക്ഷേപണത്തിനു ക്ഷണം ലഭിച്ചത് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും ക്ലബ്ബ് അംഗങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടും പുറത്തുമുള്ളവരാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികള്‍തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു എന്നതും ക്ലബ് ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായി.