തിങ്കളാഴ്ച ബി.എം.എസ് പണിമുടക്ക്
തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ രണ്ടാം പകുതി ശമ്പളം മുടങ്ങിയതോടെ സംയുക്തസമരത്തിനിറങ്ങിയിരിക്കുയാണ് തൊഴിലാളി യൂണിയനുകള്‍. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിനു മുന്‍പില്‍ ശമ്പളം മുഴുവന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചീഫ് ഓഫിസിനു മുന്നില്‍ സി.ഐ.ടി.യു-ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ അനിശ്ചിതകാല സമരം തുടങ്ങി. തിങ്കളാഴ്ച ബി.എം.എസ് പണിമുടക്കും. ഗതാഗതമന്ത്രിക്കും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനുമെതിരേ രൂക്ഷവിമര്‍ശനവുമാണ് സി.ഐ.ടി.യു ഉയര്‍ത്തുന്നത്. തെമ്മാടികൂട്ടങ്ങളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വി വിനോദ് ആവശ്യപ്പെട്ടു. മന്ത്രിക്കും മാനേജ്‌മെന്റിനും ചില താല്‍പര്യങ്ങളുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്പ് മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം. ഈ മാസം ഒരു ഗഡുമാത്രമാണ് നല്‍കിയത്. മാനേജുമെന്റുമായി കലഹിച്ചു നില്‍ക്കുന്ന യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്. എല്ലാ യൂണിയനുകളും ഒരുമിച്ചാണ് കഴിഞ്ഞ മാസം സൂചന പണിമുടക്ക് നടക്കിയത്.
കെ.എസ്.ആര്‍.ടി.സിയിലും കെല്‍ട്രോണ്‍ വഴി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്ന് ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു. ശമ്പളം മുഴവന്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്ന് ടി.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് വായ്പയെടുത്താണ് ആദ്യ ഗഡു ശമ്പളം നല്‍കിയതെന്ന് പറയുന്ന മാനേജുമെന്റ് രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് കനിയണമെന്ന നിലപാടിലാണ്.