ഹൈദരാബാദ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. തെലങ്കാനയിലെ മേദകിലോ അല്ലെങ്കില്‍ മെഹബൂബ് നഗറിലോ സ്ഥാനാര്‍ഥിയായി പ്രിയങ്കയെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അടിയന്തരാവസ്ഥയ്ക്കു ശേഷം നിലനിന്ന പ്രതിഷേധങ്ങള്‍ക്കിടെ, 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടിയുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് മേദകിലായിരുന്നു. അന്ന് തെരഞ്ഞെടുപ്പില്‍ ഇന്ദിര വിജയിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മേദകില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാകുമെന്നാണ് കണക്കുകൂട്ടല്‍. മേദകില്‍ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കള്‍ പ്രിയങ്കയുമായി സംസാരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രിയങ്ക തെലങ്കാനയിലെത്തുമെന്നും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നുമാണ് സൂചന.