ജയ്പൂര്‍: ഹോംഗ്രൗണ്ടില്‍ രാജസ്ഥാന് റോയല്‍സിന് നാണംക്കെട്ട തോല്‍വി. ഒമ്പത് വിക്കറ്റിനാണ് ഗുജറാത്ത് റോയല്‍സിനെ പരാജയപ്പെടുത്തിയത്. പേരുകേട്ട റോയല്‍സിന്റെ ബാറ്റ്സ്മാന്മാര് ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് സഞ്ജുവും കൂട്ടരും കളഞ്ഞുകുളിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയത് റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സിന് ഓള് ഔട്ടായി. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസനാണ് റോയല്‍സിന്റെ ടോപ്സ്കോറര്‍. യശസ്വി ജയ്സ്വാള്‍(14), ജോസ് ബട്ലര്(8), ദേവ്ദത്ത് പടിക്കല്‍ (12), രവിചന്ദ്രന്‍ അശ്വിന്(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്മെയര്‍(7), ധ്രുവ് ജുറെല്‍(9), ട്രെന്റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.
ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന് മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രമാണ് റാഷിദ്ഖാന് വഴങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ 36 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമേ റോയല്‍സിന് വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. ചാഹലാണ് ഗില്ലിനെ പുറത്താക്കിയത്. 41 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 39 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. നിശ്ചിത 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യംകണ്ടു. റാഷിദ് ഖാനാണ് കളിയിലെ താരം. ജയത്തോടെ 10 മത്സരങ്ങളില്‍ 14 പോയിന്റുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ മുന്നിലെത്തി. അതേസമയം 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന് റോയല്‍സ് നാലാമതാണ്.