ഇംഫാല്‍: ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതുമായി ബന്ധപ്പെട്ട് സംഘട്ടനം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്. എത്രയോ അധികം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇംഫാല്‍ വെസ്റ്റിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 23 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ചുരാചന്ദ്പ്പൂരില്‍ നാലുപേര്‍ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. സേനയ്ക്കു പുറമെ ദ്രുതകര്‍മ സേനയും പോലീസും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കാവലുണ്ട്.
സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വ്യക്തമാക്കി. പതിമൂവായിരം പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തി വിഭാഗം പ്രധാനമായും മണിപ്പൂര്‍ താഴ്വരയിലാണ് താമസിക്കുന്നത്. മ്യാന്‍മറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി സമുദായം പറയുന്നത്. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളില്‍ മെയ്തികള്‍ക്ക് താമസിക്കാന്‍ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.
നാഗകളും കുകികളുമടങ്ങുന്ന ഗോത്രവര്‍ഗങ്ങള്‍ ജനസംഖ്യയുടെ 40 ശതമാനം വരും. താഴ്‌വരയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഇവരുടെ താമസം. ഭൂരിപക്ഷമായ മെയ്തികള്‍ക്ക് ബി. ജെ. പി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് കുകികള്‍ ഏറെക്കാലമായി പ്രക്ഷോഭം നടത്തുകയാണ്. ഇതാണ് മെയ് മൂന്നാം തീയതി കനത്ത് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.