ന്യൂഡല്‍ഹി ബി. ജെ. പി എം. പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുവനിതകള്‍ നല്‍കിയ പരാതിയില്‍ നിരന്തര ലൈംഗികാക്രമണം ബ്രിജ് ഭൂഷന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് വ്യക്തമാക്കുന്നത്.
ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനില്‍ താരങ്ങള്‍ നല്‍കിയ പരാതിയില്‍ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്ന എട്ട് സംഭവങ്ങളാണ് വിവരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടുക, വ്യായാമത്തിനിടെയും ടൂര്‍ണമെന്റിനിടെയും മോശമായ രീതിയില്‍ കെട്ടിപ്പിടിക്കുകയും സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുക തുടങ്ങി നിരവധി പരാതികളാണ് പുറത്തുവന്നിട്ടുള്ളത്. 2016 ല്‍ ഒരു റെസ്റ്റോറണ്ടില്‍ വെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ട ഇയാള്‍ ഒരു താരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് വിശപ്പും ഉറക്കവും നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു താരം. പരിശീലനത്തിനിടെ ശ്വാസം പരിശോധിക്കാനെന്ന വ്യാജേന വയറിലും മാറിടത്തിലും മോശമായി തൊട്ടു എന്നും താരങ്ങള്‍ ആരോപിക്കുന്നു.
ഗുസ്തി ഫെഡറേഷന്റെ മുഴുവന്‍ അധികാരവും പിന്തുണയുമുള്ളതിനാല്‍ ബ്രിജ് ഭൂഷണെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു താരങ്ങള്‍. പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷണെതിരെ നടപടിയില്ലാത്ത സാഹചര്യത്തില്‍ താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം തുടരുകയാണ്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ബഹുമതികള്‍ മടക്കി നല്‍കുമെന്ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവും പരിശീലകനുമായ മഹാവീര്‍ ഫോഗട്ട് പ്രസ്താവിച്ചു. ഗുസ്തിതാരങ്ങളും ഒളിമ്പിക് മെഡലുകളും പദ്മശ്രീയും ഉള്‍പ്പെടെയുള്ള ബഹുമതികള്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.