പ്രത്യാശയും പ്രതീക്ഷയുമാണ് ശ്രീകരുണാകരഗുരു: കുമ്മനം രാജശേഖരന്‍

പ്രത്യാശയും പ്രതീക്ഷയുമാണ് ശ്രീകരുണാകരഗുരു: കുമ്മനം രാജശേഖരന്‍

പോത്തന്‍കോട്: പ്രശ്‌നരൂക്ഷിതമായ ദൈനംദിനജീവിതത്തില്‍ പ്രത്യാശയും പ്രതീക്ഷയും പ്രചോദനവുമായി നവജ്യോതി ശ്രീകരുണാകരഗുരു എന്നും നമ്മോടൊപ്പമുണ്ടെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശാന്തിഗിരി ആശ്രമത്തിലെ 24ാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വീട്ടില്‍ പോകുന്നതോ ഒരു സ്ഥലം കാണാന്‍ പോകുന്നതോ പോലെയല്ല ആശ്രമത്തില്‍ വരേണ്ടത്. ശാന്തിഗിരിയില്‍ വരേണ്ടത് സന്ദര്‍ശനത്തിനല്ല, ദര്‍ശനത്തിനാണ്. ഹൃദയത്തില്‍ എന്നും പ്രകാശിക്കുന്ന വെളിച്ചമാണ് ഗുരു. ഗുരുക്കന്‍മാര്‍ക്ക് മരണമില്ല. ആ മഹാചൈതന്യത്തെ സ്ഥലകാലനാമപരിധികള്‍ക്കുള്ളില്‍ തളച്ചിടാനാവില്ലെന്നും ആ സത്യത്തിന് പരിധിയില്ലെന്നും മനസ് പലതിന്റേയും പിന്നാലെ പോയാലും ആര്‍ദ്രമായ ഹൃദയത്തുടിപ്പ് നമ്മെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. മതങ്ങള്‍ പിറവികൊളളുന്നതിന് മുന്‍പ് ലോകത്തിന് ആത്മീയവെളിച്ചം പകര്‍ന്ന നാടാണ് ഭാരതമെന്നും ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ ലോകത്തിന് ലഭിച്ച വലിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മലങ്കരസഭ മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളികോര്‍പസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മഹത്തായ ജീവിതത്തിന്റെ ഉടമയായ ഗുരു കരുണാര്‍ദ്രമായ ഹൃദയത്തോടെ ജീവിച്ച് അനേകര്‍ക്ക് സൗഖ്യം പകര്‍ന്ന് ലോകത്തിന് വിളക്കായി നിലകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ എം.എ.വാഹിദ്, ജപ്പാനിലെ ഹോക്കന്‍ ഫുക്കുഷി ഫൗണ്ടേഷന്‍ പ്രസിഡന്റ് ഹിരാകോ കോയികേ, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവര്‍ സന്നിഹിതരായി.

ആശ്രമം ഉപദേശകസമിതിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ രക്ഷാധികാരികളായ എ.ജയപ്രകാശ്, മുരളീ ശ്രീധര്‍, ഡി.എം.കിഷോര്‍, ഡി.സുരേഷ് ബാബു, പ്രദീപ് കുമാര്‍.ഡി, ടി.കെ.ഉണ്ണികൃഷ്ണപ്രസാദ്, ഡോ.കെ.എന്‍ ശ്യാമപ്രസാദ്, ഡോ.എസ്.എസ് ഉണ്ണി, ഡോ.കെ.എന്‍ വിശ്വംഭരന്‍, ഡോ.ടി.എസ് സോമനാഥന്‍, ഡോ.കെ.ആര്‍.എസ് നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജനാര്‍ദ്ദന മേനോന്‍, ഡോ.ബി രാജ്കുമാര്‍, അഡ്വ.എസ്. ജയചന്ദ്രന്‍, പി.പി ബാബു, ആര്‍.സതീശന്‍, എം.ഡി ശശികുമാര്‍, കെ.രമണന്‍, അനില്‍ ചേര്‍ത്തല, സന്തോഷ് കുമാര്‍ കെ.കെ, രാധമ്മ.എ, സി.പി മോഹനന്‍ , അഡ്വ. ബി.ഉണ്ണികൃഷ്ണന്‍, അഡ്വ. വി.ദേവദത്ത്, പ്രസന്നകുമാരി.പി, രാജു കാവിലേരി, ശശിമോഹന്‍.ടി, എ.അബൂബക്കര്‍, മുരളീധരന്‍ കെ.എ, അനില്‍ ടി.പി, ശാന്തിമഹിമ അസിസന്റ് കണ്‍വീനര്‍ ഷിനു.എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

രാവിലെ അഞ്ച് മണിയയോടെ ആരാധനയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍കള്‍ക്ക് തുടക്കമായി. ഗുരുധര്‍മപ്രകാശസഭ അംഗങ്ങളും നിയുക്തരായവരും പര്‍ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി നടത്തി. ആറിന് പ്രത്യേക ആരാധന, തുടര്‍ന്ന് ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്‍പ്പണം എന്നിവ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഗുരുഭക്തരാണ് രാവിലെ മുതല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *