ലണ്ടന്‍: എഴുപത് വര്‍ഷം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടന്‍. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബേയിലാണ് 1000 ത്തിലധികം വര്‍ഷം പഴക്കമുള്ള ആചാരപ്പെരുമകളോടെ നടക്കുന്ന കിരീടധാരണ ചടങ്ങുകള്‍. എഴുപത് വര്‍ഷത്തിനിടെ ആദ്യമായി നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നാലുലക്ഷം പേര്‍ക്ക് കിരീട ധാരണ മെഡല്‍ സമ്മാനിക്കും.
എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് മൂന്നാമന്‍ യു. കെയുടെയും മറ്റ് പതിനാല് മേഖലകളുടെയും അധിപനായി ചുമതലയേറ്റിരുന്നു. രാജപദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ് മൂന്നാമന്‍. കിരീടധാരണ ചടങ്ങില്‍ ചാള്‍സ് നിയമത്തേയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെയും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചൊല്ലും. എഡ്വേഡ് രാജാവിന്റെ കസേരയെന്നറിയപ്പെടുന്ന സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനിയെന്ന സിംഹാസനത്തില്‍ അദ്ദേഹം ഇരിക്കും. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് വിശുദ്ധ തൈലം കൊണ്ട് രാജാവിനെ അഭിഷേകം ചെയ്ത ശേഷം രാജകിരീടം തലയില്‍ ചൂടിക്കും. തുടര്‍ന്ന് കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും നടത്തും.
രാഷ്ടരത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബൈബിള്‍ പാരായണം നടത്തുകയെന്ന സമീപകാല പാരമ്പര്യത്തിന്റെ ഭാഗമായി ഋഷി സുനക് ചടങ്ങില്‍ ബൈബിള്‍ പാരായണം നടത്തും.
നൂറ് രാഷ്ട്രത്തലവന്മാര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോകരാഷ്ട്രനേതാക്കളുമുള്‍പ്പെടെ 2000 ത്തോളം അതിഥികല്‍ പങ്കെടുക്കുന്ന കിരീട ധാരണ ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ മകന്‍ ഹാരിയുടെ ഭാര്യ മേഗന്‍ പങ്കെടുക്കില്ല്. ഹാരിയും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും പങ്കെടുക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചു. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുക്കാനായി ലണ്ടനിലെത്തി.