തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്നും അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു.
എല്‍.ഡി.എഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതും മുന്‍പേ നടക്കുന്നതാണ്. ഈ ആരോപണങ്ങള്‍ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാല്‍ എല്ലാ കാലത്തേക്കും കഴിയില്ലെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്ന് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോട്ടോര്‍ വാഹന നിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിപ്പിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെക്കും. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി, രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന നിയമമാണിതെന്നും പറഞ്ഞു.