കൊച്ചി: എഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്ക് ഒടുവില്‍ 151 കോടിയുടെ കരാറില്‍ എത്തി. ട്രോയ്‌സ് എന്ന കമ്പനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയ്‌സ് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം അടക്കം നിര്‍മിക്കുന്നതിന് 57 കോടി രൂപയാണ് ഇവര്‍ നല്‍കിയിരുന്ന പ്രൊപ്പോസല്‍. ക്യാമറയ്ക്ക് ഈ വിലയില്ല. ലേറ്റസ്റ്റ്‌ടെക്‌നോളജി ഇതില്‍ കുറച്ച് കിട്ടും. 57 കോടി എന്നത് 45കോടിക്ക് തീര്‍ക്കാവുന്നതാണ്. അതാണ് 151 കോടയുടെ കരാറില്‍ എത്തിയത്. 50 കോടിക്ക് താഴെ മുതല്‍ മുടക്കുള്ള പദ്ധതിയില്‍ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം. അത്തരത്തില്‍ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ട്രോയിസ് പ്രാപ്പോസല്‍ വെച്ചത്. സുതാര്യമല്ലാതെയാണ് ക്യാമറകളുടെ വില നിശ്ചയിച്ചിട്ടുള്ളത്. എസ്.ആര്‍.ഐ.ടിക്ക് 6 ശതമാനം കമ്മീഷന്‍ ലഭിച്ചുവെന്നതല്ലാതെ വേറെ പണിയൊന്നുമില്ല. ബാക്കി തുക ഇവര്‍ വീതം വെച്ചെടുത്തുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു. നടന്നത് വിചിത്രമായ വെട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ തെളിവ് മന്ത്രി രാജീവ് ചോദിച്ചിരുന്നു. ഉപകരാറിനായി രൂപീകരിച്ച ആദ്യത്തെ കണ്‍സോഷ്യം യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബു പങ്കെടുത്തിരുന്നോയെന്ന ചോദ്യം പ്രസാഡിയോ കമ്പനിയുടെ ഉടമയായ സുരേന്ദ്രകുമാര്‍ നെല്ലിക്കോമത്ത് നിഷേധിച്ചിട്ടില്ല.
പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല. കണ്‍സോര്‍ഷ്യം യോഗത്തില്‍ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. പ്രകാശ് ബാബു സ്വപ്‌ന പദ്ധതിയെന്നാണ് യോഗത്തില്‍ വിശദീകരിച്ചത്. കണ്‍സോര്‍ഷ്യത്തില്‍നിന്ന് പിന്‍മാറിയ കമ്പനികള്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കട്ടെ. വ്യവസായമന്ത്രി മറുപടി പറയട്ടെ. അല്‍ഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം .പ്രസാഡിയയുടെ നിയന്ത്രണത്തിലാണ് മുഴുവന്‍ ഇടപാടും നടന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. എല്ലാത്തിനും പിന്നില്‍ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന കരാര്‍ നിയമവിരുദ്ധമായി റദ്ദ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടന്നത്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു