കോഴിക്കോട്: വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൗഖി ഇബ്റാഹീം അല്ലാം മര്‍കസ് സന്ദര്‍ശിച്ചു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി മര്‍കസിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലറുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും ശൗഖി അല്ലാം സംവദിച്ചു.
ഈജിപ്തും ഇന്ത്യയും പുരാതന കാലം മുതലേ സംസ്‌കാര സമ്പന്നമാണെന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് മോഡല്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. അറിവിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങളിലൂടെ സാധിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകരണ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ജാമിഅ മര്‍കസ് കുല്ലിയ്യകളിലെ അധ്യാപകര്‍ സംബന്ധിച്ചു.