ന്യൂഡല്‍ഹി: തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധഭീഷണി, കൊറിയറിലൂടെ പന്നിയിറച്ചി അയച്ചു എന്നീ കാര്യങ്ങളാണ് സുബൈര്‍ പരാതിയില്‍ ഉന്നയിച്ചത്.
റംസാന്‍ ആഘോഷങ്ങള്‍ക്കിടെ സൈബര്‍ ഹണ്ട് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടമ പന്നിയിറച്ചി കൊറിയറില്‍ അയച്ചതെന്ന് സുബൈറിന്റെ പരാതിയില്‍ പറയുന്നു. സുബൈറിന്റെ മേല്‍വിലാസം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതികള്‍ വധഭീഷണി ഉയര്‍ത്തിയത്. തനിക്കെതിരെ വ്യാജപ്രചാരണങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചു. മുസ്ലീം സ്വത്വം ലക്ഷ്യമാക്കി ആള്‍ക്കൂട്ട ആക്രമണത്തിനും ആഹ്വാനം ചെയ്തു എന്ന് സുബൈര്‍ പരാതിയില്‍ വ്യക്തമാക്കി.
സുബൈര്‍ പങ്കുവെച്ച ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. എനിക്കെതിരെ വധഭീഷണി മുഴക്കുകയും ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത 16 പേര്‍ക്കെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്.