വാഷിങ്ടണ്‍: ലോകത്താദ്യമായി ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യു. എസിലെ ഡോക്ടര്‍മാര്‍. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലും ആണ് 34 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടന്നത്.
വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന അവസ്ഥയായ ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനാണ് ശസ്ത്രക്രിയ നടന്നത്. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പതിവ് അള്‍ട്രാസൗണ്ട് പരിശോധനയിലാണ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് കണ്ടത്തിയത്. കുഞ്ഞിന്റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്റെ അമിതമായ അളവ് സമ്മര്‍ദ്ദമുണ്ടാക്കകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധാരണയായി കുഞ്ഞ് ജനിച്ച ശേഷം ചെറിയ കോയിലുകള്‍ തിരുകാന്‍ ഒരു കത്തീറ്റര്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. പലപ്പോഴും വൈകിയാണ് ചികിത്സ ലഭിക്കുക. കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്‌കത്തിന് പരിക്കുകളും ഹൃദയത്തിന് തകരാറുകളും കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. ഡാരന്‍ ഒബ്രാച്ച് പറയുന്നു.