ചാലക്കര പുരുഷു
തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മദ്രാസ് പ്രസിഡന്‍സിയിലെ ജില്ലകളിലൊന്നായിരുന്ന മലബാറിലെ നാലു കോളേജുകളിലൊന്നായിരുന്നു ബ്രണ്ണന്‍ സായിപ്പ് സ്ഥാപിച്ച തലശ്ശേരിയിലെ ഗവ. ബ്രണ്ണന്‍ കോളേജ്. കോളേജ് മാഗസിനില്‍ ഇപ്പോഴിതാ കോളേജിന്റെ സ്ഥാപകന്‍ ബ്രണ്ണന്‍ സായിപ്പിന്റെ ഒരു അപൂര്‍വ്വ രേഖാചിത്രം.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി പ്രൊഫ. എം.സി.വസിഷ്ഠും ബ്രണ്ണന്‍ കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ. വിനോദ് നാവത്തും ശേഖരിച്ച മാഗസിനുകളിലൊന്നിലാണ് ഈ ബ്രണ്ണന്‍ സായിപ്പിന്റെ അപൂര്‍വ്വ രേഖാചിത്രം കാണുന്നത്.
1945ലെ കോളേജ് മാഗസിനിലാണ് തെരുവിലെ കുട്ടികള്‍ക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുന്ന ബ്രണ്ണന്‍ സായിപ്പിന്റെ രേഖാചിത്രം ഉള്ളത്. കോളേജിന്റെ സ്ഥാപകനായ ബ്രണ്ണന്‍ സായിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു തെരുവിലെ ബാലന്മാര്‍ക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുക എന്ന് മാഗസിനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കോളേജ് മാഗസിനുകളിലെ അപൂര്‍വ്വ ചിത്രങ്ങളും ലേഖനങ്ങളും മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരിയില്‍ ഒരു പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് പ്രൊഫ. എം.സി.വസിഷ്ഠ്.